"ബോധപൂർവം ഉണ്ടാക്കിയ കഥ; നിയമ നടപടി സ്വീകരിക്കും': ആത്മകഥയിലെ വെളിപ്പെടുത്തലുകൾ തള്ളി ഇപി
Wednesday, November 13, 2024 8:48 AM IST
കണ്ണൂർ: സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ ആത്മകഥയായ "കട്ടൻചായയും പരിപ്പുവടയും' വിവാദമായതിനു പിന്നാലെ വിശദീകരണവുമായി ഇപി തന്നെ രംഗത്ത്. തന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലെന്ന നിലയിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ബോധപൂർവം ഉണ്ടാക്കിയ കഥയാണ്. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ കാര്യം എങ്ങനെയാണ് ആത്മകഥയിൽ എഴുതുക? താൻ എഴുതാത്ത കാര്യം തന്റേത് എന്ന് പറഞ്ഞ് കൊടുക്കുകയാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
കഥ താൻ എഴുതി തീർന്നിട്ടില്ല. ഡിസി ബുക്സും മാതൃഭൂമിയും പ്രസിദ്ധീകരിക്കാൻ താത്പര്യം അറിയിച്ചിരുന്നു. താനതിന്റെ അനുമതി ആർക്കും കൊടുത്തിട്ടില്ല. താൻ ഒരാൾക്കും ഒന്നും കൈമാറിയിട്ടില്ല. താനെഴുതിയതിലൊന്നും ഇക്കാര്യങ്ങളില്ല. താൻ എഴുതിയിട്ട് ടൈപ്പ് ചെയ്യാൻ കൊടുക്കുകയായിരുന്നു. ആ പുസ്തകത്തിന്റെ ആദ്യ ഭാഗം എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ല. താനിതിൽ നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു.