മുന്‍മന്ത്രി എം.ടി.പത്മ അന്തരിച്ചു
Tuesday, November 12, 2024 3:56 PM IST
കോഴിക്കോട്: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.ടി.പത്മ (81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും.
1982ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. അന്ന് നാദാപുരത്തു നിന്ന് 2000ൽ പരം വോട്ടുകൾക്ക് തോറ്റു. പിന്നീട് 1987ലും 1991ലും കൊയിലാണ്ടിയിൽ നിന്ന് മത്സരിച്ച് ജയിച്ചു. 1991ൽ കെ. കരുണാകരൻ -എ.കെ. ആന്റണി മന്ത്രിസഭയിൽ ഫിഷറീസ് ആൻഡ് റൂറൽ ഡെവലപ്പ്മെന്റ് മന്ത്രിയായി. കേരള മന്ത്രിസഭയില്‍ അംഗമായ മൂന്നാമത്തെ വനിതായിരുന്നു പത്മ.
കെഎസ്യുവിലൂടെയാണ് രാഷ്ട്രീയത്തിലേയ്ക്ക് വരുന്നത്. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിസിസി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡിസിസി സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു.