അധ്യാപകർ വിദ്യാർഥികളെ ഇളക്കിവിട്ടത് അംഗീകരിക്കാനാവില്ല; പ്രതിഷേധം അന്വേഷിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി ശിവൻകുട്ടി
Monday, November 11, 2024 8:27 PM IST
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിൽ ഉണ്ടായ പ്രതിഷേധം അന്വേഷിച്ച് തീരുമാനമെടുക്കുമെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇക്കാര്യം കേൾക്കാതെ മേള മനപൂർവം കലക്കാൻ ശ്രമമുണ്ടായതായും മന്ത്രി പറഞ്ഞു.
വിദ്യാർഥികളെ അധ്യാപകർ തന്നെ ഇളക്കിവിട്ടത് അംഗീകരിക്കാനാവില്ല എന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന വേദിയിൽ ആണ് പ്രതിഷേധം ഉണ്ടായത്. സ്പോർട്ട്സ് സ്കൂളുകളെ കിരീടത്തിനായി പരിഗണിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.
പോലീസും വിദ്യാർഥികളും തമ്മിൽ കയ്യാങ്കളിയുണ്ടായതായാണ് വിവരം. ജി.വി. രാജ സ്പോട്സ് സ്കൂളിന് രണ്ടാംസ്ഥാനം നൽകിയതിന് പിന്നിൽ ഗൂഢാലേചനയുണ്ടെന്ന് ആരോപിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്.
നാവാമുകുന്ദ, മാർ ബേസിൽ എന്നീ സ്കൂളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വിദ്യാഭ്യാസ മന്ത്രി വേദിയിൽ ഇരിക്കെയാണ് പ്രതിഷേധമുണ്ടായത്.
മന്ത്രിയെ തടഞ്ഞ് വിദ്യാർഥികൾ പ്രതിഷേധിക്കാൻ ശ്രമിച്ചതോടെ പോലീസ് ഇടപെട്ട് മന്ത്രിയെ വേദിയിൽനിന്ന് മാറ്റി. പ്രതിഷേധത്തെതുടർന്ന് മേളയുടെ സമാപന ചടങ്ങ് വേഗത്തിൽ അവസാനിപ്പിച്ചു.