കയറാൻ പറ്റിയില്ല, ഇന്നും വീണു; സ്വര്‍ണവില വീണ്ടും 58,000ല്‍ താഴെ
Monday, November 11, 2024 11:00 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്. പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 57,760 രൂപയിലും ഗ്രാമിന് 7,220 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ ഇടിഞ്ഞ് 5,950 രൂപയിലെത്തി.
ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഏഴിന് 57,600 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തില്‍ എത്തി. 1320 രൂപയുടെ കനത്ത ഇടിവാണ് സ്വര്‍ണവിലയിലുണ്ടായത്. പിന്നാലെ വെള്ളിയാഴ്ച പവന് 680 രൂപ വർധിച്ചെങ്കിലും ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. 60,000 കടക്കും എന്ന് പ്രതീക്ഷിക്കുന്ന ദിവസങ്ങളിലാണ് സ്വർണവിലയിൽ കയറ്റിറക്കങ്ങളുണ്ടാകുന്നത്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഒക്ടോബർ അവസാനവാരം ഔൺസിന് 2,790 ഡോളർ എന്ന സർവകാല റിക്കാർഡ് തൊട്ട രാജ്യാന്തരവില ഇപ്പോൾ 120 ഡോളറിലധികം ഇടിഞ്ഞ് 2,669 ഡോളറിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, വെള്ളിയുടെ വിലയിലും ഇടിവാണ് ഇന്ന് രേഖപ്പെടുത്തുന്നത്. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 99 രൂപയിലെത്തി.