ഹിസ്ബുള്ളയെ ഞെട്ടിച്ച പേജർ സ്ഫോടനം തന്റെ അനുമതിയോടെ: ഒടുവിൽ തുറന്നുസമ്മതിച്ച് നെതന്യാഹു
Monday, November 11, 2024 9:42 AM IST
ടെല്‍ അവീവ്: ലബനനില്‍ ഹിസ്ബുള്ളയ്ക്കെതിരേ നടത്തിയ പേജര്‍ സ്ഫോടനം തന്റെ അറിവോടെയെന്ന് തുറന്നുപറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പേജര്‍ ആക്രമണത്തിന് താന്‍ പച്ചക്കൊടി കാട്ടിയതായി നെതന്യാഹു സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ വക്താവ് ഒമര്‍ ദോസ്ത്രി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. ലോകത്തെ തന്നെ ഞെട്ടിച്ച സംഭവത്തില്‍ ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആദ്യ തുറന്നുപറച്ചിലാണിത്.
സെപ്റ്റംബർ 17, 18 തീയതികളിൽ ലബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിൽ ആയിരക്കണക്കിന് പേജറുകളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ 40 പേർ മരിക്കുകയും മൂവായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ഇറാനും ഹിസ്ബുള്ളയും ആരോപിച്ചിരുന്നു. പേജര്‍സ്ഫോടനത്തിനു പിന്നാലെയാണ് ഇസ്രയേല്‍ സൈന്യം ലെബനനില്‍ യുദ്ധം ആരംഭിച്ചത്.
ഇസ്രയേലിന്റെ ലൊക്കേഷന്‍ ട്രാക്കിംഗില്‍ നിന്ന് രക്ഷപ്പെടാനാണ് മൊബൈലിന് പകരമുള്ള ആശയവിനിമയ മാര്‍ഗമായി ഹിസ്ബുള്ള പേജറിനെ ആശ്രയിച്ചിരുന്നത്.