ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറില്‍ ഇടിച്ച് അപകടം; രണ്ട് പേർ മരിച്ചു
Monday, November 11, 2024 9:11 AM IST
ചേര്‍ത്തല: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറില്‍ ഇടിച്ച് രണ്ടു പേര് മരിച്ചു. കഞ്ഞിക്കുഴി ആയിരംതൈയിൽ ഗോപാലകൃഷ്ണന്റെ മകന് മുരുകേഷ് (44), അനന്തകൃഷ്ണന്റെ മകന് ശിവകുമാർ (27) എന്നിവരാണു മരിച്ചത്. ദേശീയപാതയില്‍ ചേർത്തല തങ്കി കവലയ്ക്കു സമീപം ഇന്നു പുലർച്ചെ അഞ്ചോടെയാണ് അപകടം.
എറണാകുളം ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും എറണാകുളത്തേക്കു പോകുകയായിരുന്ന സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ബസിനടിയിൽ കുടുങ്ങിയ ഇരുവരും അപകടസ്ഥലത്തുതന്നെ മരിച്ചു.
ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ഈ ഭാഗത്ത് ഒറ്റവരിപാതയിലൂടെയാണു വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇവിടെ പാലത്തിന്റെ നിര്‍മാണവും നടക്കുകയാണ്. എതിരേവരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഈ ഭാഗത്തു കൂടുതലാണ്. ഇരുവരിപ്പാതയിൽനിന്ന് ഒറ്റവരിപ്പാതയിലേക്ക് അമിതവേഗതയിലെത്തിയ ബസ് സ്കൂട്ടറിനെ ഇടിക്കുകയായിരുന്നു.
അപകടത്തില്‍പ്പെട്ടവരെ പട്ടണക്കാട് പോലീസ് എത്തിയാണ് ചേര്‍ത്തല താലൂക്കാശുപത്രിയിലേക്കു മാറ്റിയത്. ചേര്‍ത്തല അഗ്നിരക്ഷാസേനയെത്തി വാഹനങ്ങള്‍ മാറ്റിയതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പട്ടണക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.