ചേലക്കരയിലും വയനാട്ടിലും ഇന്ന് കൊട്ടിക്കലാശം: പ്രതീക്ഷയോടെ മുന്നണികൾ
Monday, November 11, 2024 7:06 AM IST
വയനാട്/തൃശൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയമസഭ മണ്ഡലത്തിലും വയനാട് ലോക്സഭ മണ്ഡലത്തിലും ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും എല്ലാ മുന്നണികളും പ്രതീക്ഷയിലാണ്.
വയനാട്ടിലെ കൊട്ടിക്കലാശ ആവേശത്തിലേക്ക് ഇന്ന് രാഹുൽ ഗാന്ധിയും എത്തും. പ്രിയങ്കയ്ക്ക് ഒപ്പം രാവിലെ ബത്തേരിയിലും വൈകുന്നേരം തിരുവമ്പാടിയിലും കൊട്ടിക്കലാശത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. രണ്ടിടത്തും ഇരുവരും ഒന്നിച്ച് റോഡ് ഷോയ്ക്കെത്തും.
എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി കൽപ്പറ്റയിലെ കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് കല്‍പ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലും റോഡ്ഷോകളിൽ പങ്കെടുക്കും. സുല്‍ത്താൻ ബത്തേരിയിലാണ് എൻഡിഎയുടെ കൊട്ടിക്കലാശം.
ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ ചേലക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശമാകുന്നത്. ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടി ,വിവാദങ്ങളിൽ കരുതലോടെ പ്രതികരിച്ചുമായിരുന്നു സിറ്റിംഗ് സീറ്റ് നിലനിർത്താനുള്ള ഇടതുമുന്നണിയുടെ പ്രചാരണം. ഭരണ വിരുദ്ധ വികാരത്തിലൂന്നി, നേതാക്കൾ മുഴുവൻ സമയവും ബൂത്ത് തലം വരെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുമായിരുന്നു യുഡിഎഫ് ക്യാമ്പ് നീങ്ങിയത്.
ബിജെപിയും പ്രചാരണത്തിൽ ഇരുമുന്നണികൾക്കും ഒപ്പത്തിനൊപ്പം പിടിച്ചു. വൈകുന്നേരം ചേലക്കര ടൗണിലാണ് മൂന്ന് സ്ഥാനാർത്ഥികളും പങ്കെടുത്തുള്ള കൊട്ടിക്കലാശം. രമ്യ ഹരിദാസിനൊപ്പം കെപിസിസി അധ്യക്ഷൻ കെ സുധാകരനും, യുആര്‍ പ്രദീപിനായി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിനും കൊട്ടിക്കലാശത്തിൽ അണിനിരക്കും.