കള്ളപ്പണം കൊണ്ടുവന്നതിനു പിന്നാലെ വ്യാജമദ്യം ഒഴുക്കാനാണ് കോൺഗ്രസ് ശ്രമമെന്ന് മന്ത്രി എം.ബി. രാജേഷ്
Sunday, November 10, 2024 11:58 AM IST
പാലക്കാട്: കള്ളപ്പണം കൊണ്ടുവന്നതിനു പിന്നാലെ വ്യാജമദ്യം ഒഴുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി എം.ബി. രാജേഷ്. കോൺഗ്രസിന്റെ മുഖം വികൃതമാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ശനിയാഴ്ച സ്പിരിറ്റ് പിടികൂടിയ സംഭവത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് പറയട്ടെ, അതോ ഇതും സിപിഎം ഗൂഢാലോചനയാണോ എന്നും അദ്ദേഹം ചോദിച്ചു.
വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചവർക്ക് ഫേസ്ബുക്ക് ഹാക്ക് ചെയ്യാൻ എന്തു പ്രയാസം എന്നായിരുന്നു, രാഹുലിന്റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎം ഫേസ്ബുക്ക് പേജിൽ വന്ന സംഭവത്തിൽ മന്ത്രി നടത്തിയ പ്രതികരണം.
പത്തനംതിട്ടയാണ് വ്യാജ തിരിച്ചറിയൽ കാർഡിന്റെ പ്രഭവ കേന്ദ്രം. ഈ തെരഞ്ഞെടുപ്പിൽ പാലക്കാടും വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കാനുള്ള നീക്കം നടക്കുന്നുണ്ട്. കള്ളവോട്ട് ചെയ്യാനാണ് ചിലർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൊഴിഞ്ഞാമ്പാറയിൽ സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ കോൺഗ്രസിനെതിരെ ആരോപണവുമായി സിപിഎം ജില്ലാ നേതൃത്വവും രംഗത്തെത്തി. പ്രതി മുരളി കോൺഗ്രസ് പ്രവർത്തകനും നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണെന്നും സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു പറഞ്ഞിരുന്നു.