നീറ്റ് പരീക്ഷാർഥിയെ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി: കോച്ചിംഗ് സെന്റർ അധ്യാപകർ അറസ്റ്റിൽ
Sunday, November 10, 2024 1:14 AM IST
കാൺപുർ: നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയാറെടുക്കാൻ കാൺപൂരിലേക്ക് പോയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാസങ്ങളോളം പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത നഗരത്തിലെ പ്രശസ്തമായ ഒരു കോച്ചിംഗ് സെന്ററിലെ രണ്ട് അധ്യാപകർ അറസ്റ്റിൽ.
അധ്യാപകരായ സഹില്‍ സിദ്ദിഖി (32), വികാസ് പോര്‍വാള്‍ (39) എന്നിവരാണ് അറസ്റ്റിലായത്. ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.
നീറ്റ് പരീക്ഷാ പരിശീലനത്തിനായി 2022 ലാണ് കുട്ടി കാൺപൂരിലെത്തിയത്. പെണ്‍കുട്ടിയുടെ ബയോളജി അധ്യാപകനായിരുന്ന സഹില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കുമായി പാര്‍ട്ടി സംഘടിപ്പിക്കുന്നുവെന്ന് പറഞ്ഞ് കുട്ടിയെ തന്റെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചു.
ഫ്ളാറ്റിലെത്തിയപ്പോഴാണ് അവിടെ മറ്റാരുമില്ലെന്ന് കുട്ടിക്ക് മനസിലായത്. മദ്യപിച്ചെത്തിയ സഹില്‍ കുട്ടിയെ പീഡനത്തിനിരയാക്കി. ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു.
ചിത്രീകരിച്ച ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും കുടുംബത്തെ അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. കുട്ടിയെ പലതവണയാണ് പീഡനത്തിനിരയാക്കിയത്. മറ്റൊരു കുട്ടിയെ സഹില്‍ പീഡിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്താകുകയും ഏതാനും മാസം മുമ്പ് പോലീസ് ഇയാളെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.
ഇക്കാര്യം അറിഞ്ഞതോടെയാണ് പെണ്‍കുട്ടിയും പരാതി നല്‍കാനുള്ള ധൈര്യം കാണിച്ചത്. വെള്ളിയാഴ്ച വികാസിനെയും ജാമ്യത്തിലായിരുന്ന സഹലിനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.