അലിഗഡ് സർവകലാശാല ന്യൂനപക്ഷ സ്ഥാപനം തന്നെ: സുപ്രീംകോടതി
Friday, November 8, 2024 12:27 PM IST
ന്യൂഡൽഹി: അലിഗഡ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.
ന്യൂനപക്ഷ സ്ഥാപനമാണോ എന്നത് അതിന്റെ സ്ഥാപകർ ആരെന്നതിനെ അടിസ്ഥാനമാക്കിയാണെന്നും നിയമപ്രകാരം സ്ഥാപിച്ചുവെന്നതുകൊണ്ട് ഒരു സ്ഥാപനത്തിന്റെ ന്യൂനപക്ഷ പദവി നഷ്ടമാകുന്നില്ലെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടന ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ (4-3) വ്യക്തമാക്കി.
ബെഞ്ചിലെ നാല് അംഗങ്ങൾ പിന്തുണച്ച ഭൂരിപക്ഷ വിധി ചീഫ് ജസ്റ്റീസ് ചന്ദ്രചൂഡ് എഴുതി. അതേസമയം, അലിഗഡിന്റെ ന്യൂനപദവി തിരിച്ചു നൽകുന്നതിൽ ബെഞ്ച് തീർപ്പു പറഞ്ഞില്ല. ഇക്കാര്യം, പുതിയ ചീഫ് ജസ്റ്റീസ് നിയോഗിക്കുന്ന പുതിയ റെഗുലർ ബെഞ്ചിനു വിട്ടു.
1981-ൽ കേന്ദ്ര സർക്കാർ അലിഗഡ് സര്‍വകലാശാലക്ക് ന്യൂനപക്ഷ പദവി നൽകിയത്. 2006ൽ അലഹബാദ് ഹൈക്കോടതി പദവി റദ്ദാക്കിയിരുന്നു. ഇതിനെതിരായ ഹർജികൾ 2019ൽ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ഏഴംഗ ബെഞ്ചിന് വിട്ടു.
കേന്ദ്ര നിയമ നിർമാണത്തിലൂടെ സ്ഥാപിതമായതിനാൽ ന്യൂനപക്ഷ സ്ഥാപനമല്ല എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം.