ഹൈക്കോടതി വിധി മാധ്യമമേഖലയ്ക്ക് ഉണർവേകും: കെയുഡബ്ല്യുജെ
Friday, November 8, 2024 4:33 AM IST
തിരുവനന്തപുരം: ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ) പ്രകാരം അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാരത്തിനുമുള്ള മാധ്യമങ്ങളുടെ അവകാശം നിയന്ത്രിക്കാൻ കഴിയില്ലെന്ന ഹൈക്കോടതി വിധി മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പം ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ.
മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്ന അഞ്ചംഗ വിശാല ബെഞ്ചിന്റെ ഉത്തരവ് സ്വാഗതാർഹമാണ്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്കുന്ന മൗലികാവകാശമാണെന്നും അതു നിയന്ത്രിക്കാന്‍ ഭരണഘടനാപരമായ മാര്ഗമുണ്ടെന്നുമുള്ള ഉത്തരവ് മറിച്ചുള്ള എല്ലാ ശ്രമങ്ങൾക്കുമുള്ള കൂച്ചുവിലങ്ങാണ്.
മാധ്യമ പ്രവര്‍ത്തനത്തിന് മാര്‍ഗനിർദേശങ്ങള്‍ വേണമെന്നും കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്നുമുള്ള ഹർജികൾ തീർപ്പാക്കിയാണ് വിധി.
കോടതി വിധി മാധ്യമ മേഖലയ്ക്ക് ഉണർവ് പകരുന്നതാണെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും പറഞ്ഞു.