എംഎൽഎമാരെ കൂറുമാറ്റാൻ കോഴ; തോമസ് കെ.തോമസിന്റെ മൊഴിയെടുത്തു
Monday, November 4, 2024 6:03 PM IST
തിരുവനന്തപുരം: എംഎൽഎമാരെ കൂറുമാറ്റാൻ നൂറുകോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ എന്‍സിപി നേതാവ് തോമസ് കെ.തോമസ് എംഎൽഎയുടെ മൊഴിയെടുത്തു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു പ്രത്യേക അന്വേഷണസംഘം എംഎൽഎയുടെ മൊഴിയെടുത്തത്.
ഇടതുപക്ഷ എംഎൽഎമാരായ കോവൂർ കുഞ്ഞുമോൻ, ആന്റണി രാജു എന്നിവരെ എന്‍സിപി അജിത്പവാര്‍ പക്ഷത്തേക്ക് കൂറുമാറ്റാൻ കോഴ വാഗ്ദാനം ചെയതു എന്നായിരുന്നു ആരോപണം. തന്നെ മന്ത്രിയാക്കാതിരിക്കാൻ ചിലർ നടത്തിയ ആസൂത്രിത നീക്കമാണ് ആരോപണത്തിന് പിന്നിലെന്ന് തോമസ് കെ.തോമസ് പറഞ്ഞിരുന്നു.
എംഎൽഎമാരെ കൂറുമാറ്റാൻ നീക്കം നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ അറിയിച്ചത്. ഇതു ശരിയാണെന്ന് ആന്റണി രാജുവും അല്ലെന്ന് കോവൂർ കുഞ്ഞുമോനും പറഞ്ഞിരുന്നു.