എരുമേലി പഞ്ചായത്തിൽ അട്ടിമറി; കോൺഗ്രസ് വിമതയെ കൂട്ടുപിടിച്ച് ഭരണംപിടിച്ച് എൽഡിഎഫ്
Wednesday, October 30, 2024 2:47 PM IST
എരുമേലി: കോൺഗ്രസ് വിമതയെ കൂട്ടുപിടിച്ച് എരുമേലി പഞ്ചായത്ത് ഭരണം പിടിച്ച് എൽഡിഎഫ്. മുൻ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണിയാണ് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
എതിരേ മത്സരിച്ച കോൺഗ്രസിലെ ഔദ്യോഗിക സ്ഥാനാർഥി ജിജി മോൾ സജിക്ക് 11 വോട്ടുകൾ ലഭിച്ചപ്പോൾ മറിയാമ്മ സണ്ണിക്ക് 12 വോട്ടുകൾ ലഭിച്ചു.
കോൺഗ്രസിലെ ധാരണയനുസരിച്ച് പഞ്ചായത്ത് അധ്യക്ഷസ്ഥാനം അടുത്ത ആൾക്ക് കൈമാറണമായിരുന്നു. ഇതിനുസരിച്ചാണ് ജിജിമോൾ സജി പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. തുടർന്നാണ് പുതിയ അധ്യക്ഷയെ തെരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടന്നത്.
23 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ യുഡിഎഫിനും എൽഡിഎഫിനും 11 സീറ്റുകൾ വീതവും ഒരു സ്വതന്ത്രനുമാണുള്ളത്. സ്വതന്ത്രന്റെ വോട്ട് യുഡിഎഫിന് ലഭിച്ചു.
നേരത്തെ യുഡിഎഫ് പിന്തുണയോടെ പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു മറിയാമ്മ സണ്ണി. യുഡിഎഫിലെ തർക്കങ്ങൾ മൂലമാണ് ഇത്തവണ വിമതയായി മത്സരിച്ചത്.