നീലേശ്വരം അപകടം: വീഴ്ചയുടെ ആദ്യ ഉത്തരവാദിത്തം പോലീസിനെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
Tuesday, October 29, 2024 9:51 AM IST
കാസർഗോഡ്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ പോലീസിനെതിരേ വിമർശനവുമായി കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ.
വീഴ്ചയുടെ ആദ്യ ഉത്തരവാദിത്തം പോലീസിനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പോലീസ് നേരത്തെ തന്നെ സ്ഥലം പരിശോധിക്കേണ്ടതായിരുന്നു. അപകടകരമായ രീതിയിൽ സ്ഫോടക വസ്തുക്കളുണ്ടോ, അതെവിടെയാണ് സൂക്ഷിക്കുന്നതെന്നെല്ലാം ആദ്യം പരിശോധിക്കേണ്ടതുണ്ടായിരുന്നു.
ഇത്രയധികം ആളുകൾ കൂട്ടംകൂടി നിൽക്കുന്നിടത്ത് പോലീസ് വേണ്ട രീതിയിൽ മുൻകരുതലെടുക്കണമായിരുന്നു. ഇത്തരം ഒരു അപകടം ആവർത്തിക്കാൻ ഇനിയെങ്കിലും ഇടയാകരുതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.