കെ. സുധാകരൻ ബിജെപിയുടെ ‘ട്രോജൻ കുതിര’യെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Sunday, October 27, 2024 3:22 PM IST
തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ വിമർശിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തെ ഫിനിഷ് ചെയ്യാനുള്ള ബിജെപിയുടെ ട്രോജൻ കുതിരയാണ് സുധാകരനെന്ന് റിയാസ് പറഞ്ഞു.
കോൺഗ്രസിൽനിന്നു കൊണ്ട് സുധാകരൻ ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണ്. ഇടതുപക്ഷത്തേക്ക് പോകുന്നവരോട് മാത്രമാണ് സുധാകരന് അലർജി. ബിജെപിയിലേക്ക് പോകുന്നവരോട് സുധാകരൻ മുഖം ചുളിക്കുന്നത് പോലുമില്ലെന്നും മന്ത്രി പറഞ്ഞു.
സുധാകരന്റെ കൊലവിളി പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പരസ്യമായി ആളുകളെ കൊല്ലുമെന്ന് പറയുന്നത് ഗൗരവുള്ള വിഷയമാണെന്നും ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊലവിളി മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. കൊലവിളി നടത്തിയത് ഇടതുപക്ഷ നേതാക്കളുടെ വകയിലെ ബന്ധുവായിരുന്നെങ്കിൽ പോലും ഒരാഴ്ചത്തെ രാത്രി ചർച്ച മാധ്യമങ്ങൾ ഉൾപ്പെടെ നടത്തിയേനെ എന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.