ആനയെഴുന്നള്ളിപ്പ് മനുഷ്യന്റെ അഹന്ത; വിമർശിച്ച് ഹൈക്കോടതി
Friday, October 25, 2024 9:21 PM IST
കൊച്ചി: ഉത്സവങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കുമായി ആനയെ എഴുന്നള്ളിക്കുന്നതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. മൃഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. കേസ് നവംബർ നാലിന് വീണ്ടും പരിഗണിക്കും.
കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്തയാണ്. കടലിൽ ജീവിക്കുന്ന തിമിംഗലത്തെ എഴുന്നള്ളിക്കാൻ കഴിയുമായിരുന്നെങ്കിൽ അതിനെയും മനുഷ്യൻ പിടിച്ചുകൊണ്ടുവരുമായിരുന്നു എന്നും ജസ്റ്റീസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു.
ഭാരം മറ്റൊരു കാലിലേക്ക് മാറ്റാൻ പോലും കഴിയാത്ത വിധം മുറുക്കിയാണ് ആനകളുടെ ഇരുകാലുകളും തമ്മിൽ ബന്ധിപ്പിക്കുന്നത്. കാലുകൾ ബന്ധിക്കപ്പെട്ട ഒരു മനുഷ്യന് അഞ്ച് മിനിറ്റെങ്കിലും നിൽക്കാൻ കഴിയുമോ. മുൻകാലുകൾ ബന്ധിപ്പിച്ച് മണിക്കൂറുകളോളം നിൽക്കുന്ന ആനയുടെ സ്ഥിതി മനുഷ്യന് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.
ആനകളെ എഴുന്നള്ളിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ ഓർമ്മിപ്പിച്ചുള്ള ചില നിർദേശങ്ങളും കോടതി മുന്നോട്ടു വെച്ചു. ഉത്സവങ്ങൾക്കിടയിൽ ആനകൾക്ക് മതിയായ വിശ്രമം നൽകണം. ആനകളെ അണിനിരത്തുന്ന ക്ഷേത്രങ്ങളിലോ മറ്റ് ഇടങ്ങളിലോ മതിയായ ഇടം ഉണ്ടായിരിക്കണം.
ആനകൾക്കിടയിൽ അകലം പാലിക്കുകയും ആൾത്തിരക്ക് നിയന്ത്രിക്കുകയും വേണം. ആനകൾക്ക് ആവശ്യമായ ഭക്ഷണം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു.