ആന്റണി രാജു മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു: കോഴ ആരോപണം തള്ളി തോമസ് കെ. തോമസ്
Friday, October 25, 2024 5:34 PM IST
ആലപ്പുഴ: തനിക്കെതിരേ ഉയര്‍ന്ന കോഴ ആരോപണം അടിസ്ഥാനരഹിതമെന്ന് എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായ തോമസ് കെ.തോമസ്. എൻസിപി അജിത്ത് പവാര്‍ പക്ഷത്തേക്ക് വരുന്നതിനായി രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടി രൂപയുടെ ഓഫര്‍ തോമസ് കെ. തോമസ് വെച്ചുവെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.
മന്ത്രിയാകുമെന്ന് വന്നപ്പോഴാണ് തനിക്കെതിരെ ആരോപണം വന്നത്. ആന്റണി രാജുവിന് കുട്ടനാട് സീറ്റ് ലഭിക്കുന്നതിന് വേണ്ടി പൊട്ടിച്ച ബോംബാണിത്. മുഖ്യമന്ത്രി തന്നെ അവിശ്വസിക്കുമെന്ന് തോന്നുന്നില്ലെന്നും തോമസ് കെ. തോമസ് പറഞ്ഞു. നിയമസഭയുടെ ലോബിയിലാണോ ഇത് ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി തന്നെ അവിശ്വസിക്കും എന്ന് തോന്നുന്നില്ല.
പി.സി. ചാക്കോയോട് ഇക്കാര്യം പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണ്. താൻ ശരത് പവാറിനൊപ്പമാണ് എപ്പോഴും. അജിത് പവാര്‍ ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ല. ആന്റണി രാജുവിന് തന്നോട് എന്താണ് പ്രശ്നം എന്നറിയില്ല. ആരോപണത്തിൽ അന്വേഷണം വേണം. രണ്ട് എംഎല്‍എമാരെ വില കൊടുത്ത് വാങ്ങിച്ചിട്ട് തനിക്ക് എന്താണ് പ്രയോജനമെന്നും അദ്ദേഹം ചോദിച്ചു.