കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; മേയർക്കും എംഎൽഎയ്ക്കും ക്ലീൻചിറ്റ്
Tuesday, October 22, 2024 9:31 PM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തിൽ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎല്‍എയ്ക്കും ക്ലീൻചിറ്റ് നൽകി പോലീസിന്റെ റിപ്പോര്‍ട്ട്. സച്ചിൻദേവ് എംഎല്‍എ ബസിനുള്ളിൽ അതിക്രമിച്ച് കയറിയിട്ടില്ലെന്ന് പോലീസ് കോടതിയിൽ കൊടുത്ത റിപ്പോര്‍ട്ടിൽ പറയുന്നു.
കണ്ടക്ടര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഡ്രൈവര്‍ യദു ഹൈഡ്രോളിക് ഡോര്‍ തുറന്നു കൊടുക്കുകയായിരുന്നുവെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്. തര്‍ക്കം നടക്കുമ്പോള്‍ മേയറും സച്ചിനും മോശം ഭാഷ ഉപയോഗിച്ചതായി സാക്ഷികള്‍ മൊഴി നല്‍കിയിട്ടില്ലെന്നും പോലീസ് പറയുന്നു. മേയറും എംഎല്‍എയും അതിക്രമിച്ച് കയറി ചീത്ത വിളിച്ചുവെന്ന ആരോപണവും പോലീസ് തള്ളി.
പരാതിയില്‍ പോലീസ് അന്വേഷണം കോടതി നിരീക്ഷണത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് യദു ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കുന്നതിന് മുന്‍പേ തന്നെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. യദുവിന്റെ ഹര്‍ജി പരിഗണിക്കുമ്പോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
ഈ റിപ്പോര്‍ട്ടിലാണ് മേയർക്കും എംഎല്‍എയ്ക്കുമെതിരേയുള്ള രണ്ട് കുറ്റങ്ങളും ഒഴിവാക്കിയിട്ടുള്ളത്. സച്ചിന് ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞുവെന്നായിരുന്നു യദുവിന്റെ പരാതി. എംഎല്‍എ ബസില്‍ അതിക്രമിച്ചുകയറിയതിന് തെളിവ് കണ്ടെത്താനായില്ലെന്നും അതിനാല്‍ ഈ പരാതി നിലനില്‍ക്കില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ബസ് അനുവദിച്ച റൂട്ടിലൂടെയല്ല യദു ഓടിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ബേക്കറി ജംഗ്ഷൻ വഴി തമ്പാനൂരിലേക്ക് പോകേണ്ടിയിരുന്ന ബസ് പിഎംജി-പാളയം-വിജെടി റൂട്ടിലാണ് സഞ്ചരിച്ചിരുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. യദുവിന്റെ പേരിൽ നേമം, പേരുർക്കട, തമ്പാനൂർ പോലീസ് സ്റ്റേഷനുകളിൽ നേരത്തെ കേസുകളുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ 30ന് വിധി പറയും.