ആശുപത്രിക്കടിയിൽ രഹസ്യ ബങ്കര്‍; നസ്റള്ള ഒളിപ്പിച്ച കോടിക്കണക്കിന് ഡോളറും സ്വർണവും കണ്ടെത്തിയെന്ന് ഇസ്രയേല്‍
Tuesday, October 22, 2024 1:34 PM IST
ജറുസലം: ലബനിൽ കഴിഞ്ഞ മാസം വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുല്ല നേതാവ് ഹസൻ നസ്റള്ളയുടെ ഒളിസങ്കേതത്തിൽ നിന്ന് കോടിക്കണക്കിന് ഡോളറും സ്വർണവും രഹസ്യാന്വേഷണത്തിലൂടെ കണ്ടെത്തിയതായി ഇസ്രയേൽ. തലസ്ഥാനമായ ബെയ്റൂട്ടിലെ അൽ സഹൽ ആശുപത്രിക്ക് അടിയിലെ ബങ്കറിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയതെന്ന് ഇസ്രയേൽ ഡിഫന്‍സ് ഫോഴ്സ് വക്താവ് ഡാനിയല്‍ ഹഗാരി അറിയിച്ചു.
ഹിസ്ബുള്ളയുടെ സാമ്പത്തിക സ്രോതസുകള്‍ ലക്ഷ്യമിട്ട് ഞായറാഴ്ച രാത്രി ഇസ്രയേല്‍ വ്യോമസേന നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഐഡിഎഫിന്റെ വെളിപ്പെടുത്തൽ. കണക്കുകള്‍ പ്രകാരം പണമായി 50 കോടി ഡോളറും (ഏകദേശം 4200 കോടി രൂപ) കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണവും ബങ്കറില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇത് ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും ഹഗാരി വ്യക്തമാക്കി.
ആശുപത്രിയിൽ ഇസ്രയേൽ ആക്രമണം നടത്തിയിട്ടില്ല. ഇസ്രയേൽ വ്യോമസേന സ്ഥലത്ത് നിരീക്ഷണം നടത്തുകയാണ്. ലബനൻ സർക്കാരും അന്താരാഷ്ട്ര സംഘടനകളും വിഷയത്തിൽ ഇടപെടണമെന്നും ഈ പണം ഇസ്രയേലിനെ ആക്രമിക്കാനോ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനോ ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ഐഡിഎഫ് അറിയിച്ചു.
അതേസമയം, ഇസ്രയേലിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ആശുപത്രിയിലെത്തി തെളിവുകള്‍ കാണിക്കാന്‍ സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്‍ സഹല്‍ ആശുപത്രി ഡയറക്ടര്‍ റോയിട്ടേഴ്സിനോട് പ്രതികരിച്ചു.