പ്രതിപക്ഷനേതാവ് രാഷ്ട്രീയം പറയാതെ വ്യക്തിപരമായി വിമർശിക്കുകയാണെന്ന് മന്ത്രി റിയാസ്
Friday, October 18, 2024 2:47 PM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. രാഷ്ട്രീയം പറയേണ്ടസ്ഥലത്ത് രാഷ്ട്രീയം പറയാതെ വ്യക്തിപരമായി വിമർശിക്കുകയാണ് പ്രതിപക്ഷ നേതാവെന്ന് റിയാസ് പറഞ്ഞു.
അടിയന്തരപ്രമേയത്തിന് അനുമതി നൽകിയപ്പോൾ ഓടിയൊളിച്ച പ്രതിപക്ഷ നേതാവിനെ ഭീരുവെന്നല്ലാതെ എന്തു വിളിക്കുമെന്നും റിയാസ് ചോദിച്ചു. കോൺഗ്രസിൽനിന്ന് സിപിഎമ്മിലേക്ക് വന്നവരെ ആക്രമിക്കുന്ന പ്രതിപക്ഷ നേതാവ്, ബിജെപിയിലേക്ക് പോയവരെ ഒരു തരത്തിലും വിമർശിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഷ്ട്രീയമായി വിമർശനം സതീശനെതിരെ ഇനിയും തുടരും. തൃശൂരിൽ ബിജെപി വിജയിച്ചത് ഗൗരവമേറിയ കാര്യമാണ്. എവിടെയാണ് കുഴപ്പമുണ്ടായതെന്ന് വ്യക്തമാണ്. കോൺഗ്രസിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ബിജെപിയുടെ അണ്ടർ കവർ ഏജന്റാണെന്നും അദ്ദേഹം പറഞ്ഞു.
നമ്മൾ ഉയർത്തിയ രാഷ്ട്രീയത്തിന് മറുപടി പറയാതെ പിച്ചും പേയും പറഞ്ഞാൽ കൈയും കെട്ടി നിൽക്കില്ലെന്നും റിയാസ് കൂട്ടിച്ചേർത്തു.