വയനാടിനായി കേന്ദ്രം പ്രത്യേക ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് കേരളം ഹൈക്കോടതിയിൽ
Friday, October 18, 2024 11:51 AM IST
കൊച്ചി: വയനാട് പുനരധിവാസത്തിനായി പ്രത്യേക കേന്ദ്രസഹായം വേണമെന്ന് കേരളം ഹൈക്കോടതിയിൽ. ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിലാണ് കേരളം നിലപാട് അറിയിച്ചത്.
കഴിഞ്ഞ രണ്ട് തവണ ഹർജി പരിഗണിച്ച ഘട്ടത്തിൽ, കേന്ദ്രം വയനാടിനായി എന്ത് സഹായം ചെയ്യുമെന്ന് അറിയിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഇതിനു വ്യക്തമായ മറുപടി കേന്ദ്രം നൽകിയില്ല. ജസ്റ്റീസ് ജയശങ്കർ നന്പ്യാർ, ജസ്റ്റീസ് ശ്യാം കുമാർ എന്നീവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
2024-2025 സാന്പത്തിക വർഷത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുവേണ്ടി രണ്ട് തവണയായി 782 കോടി രൂപ കേരളത്തിന് അനുവദിച്ചെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. എന്നാൽ ഇത് വയനാടിനുള്ള പ്രത്യേക സഹായമല്ലെന്നും ആകെ ലഭിച്ച സഹായമാണെന്നും കേരളം വാദിച്ചു. എങ്കിൽ ഈ ഫണ്ട് വയനാടിനായി ഉപയോഗിക്കാമല്ലോ എന്നും കോടതി ചോദിച്ചു.
വയനാട് കളക്ടറുടെ ആവശ്യപ്രകാരം പിഎം റിലിഫ് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. എന്നാൽ പ്രത്യേക ഫണ്ടാണ് ആവശ്യമെന്നും ഇതുവരെ വയനാടിനായി ഒന്നും ലഭിച്ചിട്ടില്ലെന്നും കേരളം കോടതിയിൽ ആവർത്തിച്ചു.
പ്രത്യേക ഫണ്ടിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും കേന്ദ്രം കോടതി അറിയിച്ചു. ഹർജി അടുത്ത വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും.