കെ.എസ്. ചിത്രയുടെ പേരിൽ തട്ടിപ്പ് സന്ദേശം; അഞ്ച് അക്കൗണ്ടുകൾ പൂട്ടിച്ചു
Monday, October 14, 2024 5:42 PM IST
ചെന്നൈ: തന്റെ പേരും ചിത്രവും ഉൾപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ പണം ആവശ്യപ്പെട്ടു വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരേ ഗായിക കെ.എസ്. ചിത്ര പോലീസിൽ പരാതി നൽകി. വ്യാജ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ഉണ്ടാക്കി ചിത്രയുടെ പേരും ചിത്രവും വച്ച് പണം നിക്ഷേപിക്കാനാവശ്യപ്പെട്ടുകൊണ്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്.
10,000 രൂപ നിക്ഷേപിച്ചാൽ ഒരാഴ്ചയ്ക്കകം 50,000 രൂപ ലഭിക്കുന്ന പദ്ധതിയുടെ അംബാസഡറാണെന്നും ഐ ഫോൺ ഉൾപ്പെടെ സമ്മാനങ്ങൾ കാത്തിരിക്കുന്നുവെന്നുമാണു ചിത്രയുടെ പേരിൽ പ്രചരിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചിത്ര ഒരു സ്ക്രീൻഷോട്ട് പുറത്തുവിട്ടിരുന്നു.
"ഇത് ശരിക്കും ചിത്ര ചേച്ചിയാണോ' എന്ന് ഒരാൾ ചോദിക്കുമ്പോൾ അതെ എന്നും താൻ ഒരു കമ്പനിയുടെ ബ്രാൻഡ് അംബാസിഡറാണെന്നും വ്യാജൻ മറുപടി കൊടുക്കുന്നതാണ് സ്ക്രീൻ ഷോട്ടിലുണ്ടായിരുന്നത്.
പരാതിക്കു പിന്നാലെ സൈബർ ക്രൈം വിഭാഗം അഞ്ച് അക്കൗണ്ടുകൾ പൂട്ടിച്ചതായി ചിത്ര പറഞ്ഞു. ഒരു ടെലിഗ്രാം അക്കൗണ്ട് ഉടമ സ്വയം പിൻവലിച്ചു. തട്ടിപ്പിന് ഇരയാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ചിത്ര പറഞ്ഞു.