കത്ത് കിട്ടി; മുഖ്യമന്ത്രിക്കൊന്നും മറയ്ക്കാന്‍ ഇല്ലെങ്കില്‍ സന്തോഷമെന്ന് ഗവര്‍ണര്‍
Monday, October 14, 2024 11:17 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രണ്ടാമതമത്തെ കത്ത് ലഭിച്ചിരുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രിക്ക് സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിആര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞതാണോ ഹിന്ദു ദിനപത്രം പറഞ്ഞതാണോ ശരിയെന്ന് ഗവര്‍ണര്‍ ചോദിച്ചു. ഹിന്ദുവിനെതിരെ നിയമ നടപടി സ്വീകരിക്കാത്തതെന്തെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
മുഖ്യമന്ത്രിക്കൊന്നും മറയ്ക്കാന്‍ ഇല്ലെങ്കില്‍ തനിക്ക് ഏറെ സന്തോഷമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്തിനെതിരായ കുറ്റകൃത്യം ഗുരുതരമാണ്. എല്ലാ കാര്യങ്ങളും നിയമപരമായും ഭരണഘടനപരവുമായാണ് നിര്വഹിക്കേണ്ടതാണെന്നാണ് തന്റെ നിലപാടെന്നും ഗവർണർ വ്യക്തമാക്കി.
തനിക്ക് ഒന്നും മറയ്ക്കാനില്ലെന്നും സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനമെന്നും ഗവർണർക്ക് നൽകിയ കത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്ന ഗവര്‍ണറുടെ പരാമര്‍ശത്തിലും മറുപടിയിൽ പ്രതിഷേധം അറിയിച്ചു. രാജ്യ സുരക്ഷയെ ബാധിക്കുന്ന സ്വര്‍ണക്കടത്തലിനെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ്. വിവരങ്ങള്‍ ശേഖരിക്കാനുള്ളതിനാലാണ് മറുപടി നൽകാൻ കാലതാമസം ഉണ്ടായത്.
ബില്ലുകളിൽ ഒപ്പിടാത്ത ഗവർണരുടെ രീതി പൊതുസമൂഹം അംഗീകരിക്കില്ലെന്നും മറുപടിയിൽ പറയുന്നു. കേരള പോലീസിന്റെ ഔദ്യോഗിക വെബ് സൈറ്റിലുള്ളത് അന്വേഷണ വിവരങ്ങൾ മാത്രമാണെന്നും മുഖ്യമന്ത്രി നൽകിയ കത്തിൽ പറയുന്നു.