ഉത്തരാഖണ്ഡിൽ റെയിൽവേ പാളത്തിൽ ഗ്യാസ് സിലിണ്ടർ
Sunday, October 13, 2024 11:33 AM IST
റൂർക്കി: ഉത്തരാഖണ്ഡിലെ റൂർക്കിയിൽ റെയിൽവേ പാളത്തിൽ ഗ്യാസ് സിലിണ്ടർ. ലാന്ദൗരയ്ക്കും ധാൻധേരയ്ക്കും ഇടയിലാണ് പാളത്തിൽ സിലിണ്ടർ കണ്ടെത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം. കാലി സിലിണ്ടറാണ് കണ്ടെത്തിയത്. സംഭവത്തിൽ അട്ടിമറിശ്രമമാണോ എന്നതടക്കം പരിശോധിച്ചുവരികയാണ്.
ഇതുവഴിയെത്തിയ ചരക്കു ട്രെയിന്റെ ലോക്കോപൈലറ്റാണ് സിലിണ്ടർ കണ്ടെത്തിയത്. തുടർന്നു ഇയാൾ ട്രെയിൻ നിർത്തിയശേഷം അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. റെയിൽവേ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി സിലിണ്ടർ ട്രാക്കിൽ നിന്ന് മാറ്റി.
സൈനിക ആവശ്യങ്ങൾക്ക് കൂടി ഉപയോഗിക്കുന്ന റൂട്ടിലാണ് സിലിണ്ടർ ലഭിച്ചത്. ബംഗാൾ എഞ്ചിനീയർ ഗ്രൂപ്പ് ആൻഡ് സെന്ററിന്റെ ആസ്ഥാനത്തിന് സമീപമാണ് സിലിണ്ടർ കണ്ടെത്തിയ സ്ഥലം. സൈനിക വാഹനങ്ങൾ കൊണ്ടുപോകുന്നതിനും സൈനിക ആവശ്യങ്ങൾക്കായി ചരക്കു ട്രെയിനുകൾ ഓടിക്കുന്നതിനും പ്രത്യേക ട്രാക്കാണ് ഇവിടെ ഉപയോഗിക്കുന്നത്.
അന്വേഷണം തുടങ്ങിയതോടെ റെയിൽവേ സംരക്ഷണ സേനയും റെയിൽവേ ജീവനക്കാരും അഞ്ചു കിലോമീറ്ററോളം പാളത്തിൽ വ്യാപക തെരച്ചിൽ നടത്തി. എന്നാൽ ആരാണ് സിലിണ്ടർ കൊണ്ടുവന്നതെന്ന് സൂചനകളൊന്നും ലഭിച്ചില്ല.