സ്പോട്ട് ബുക്കിംഗ് വേണം; ബിജെപിക്ക് മുതലെടുപ്പിന് അവസരം ഉണ്ടാക്കരുതെന്ന് സിപിഐ
Saturday, October 12, 2024 9:32 PM IST
തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് വേണമെന്ന് സിപിഐ. സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
ബിജെപിക്ക് മുതലെടുപ്പിന് അവസരം ഉണ്ടാക്കരുത്. ദൈവത്തിന്റെ പേരിൽ സംഘർഷമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സ്പോട്ട് ബുക്കിംഗ് അനുവദിച്ചില്ലെങ്കിൽ ബിജെപിയടക്കമുള്ളവർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുമെന്ന് ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ ജില്ലാ കമ്മിറ്റി അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയം വിശ്വാസികൾക്കിടയിൽ എതിർപ്പുണ്ടാക്കുന്ന തീരുമാനം പുനപരിശോധിക്കണമെന്നും ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.
ശബരമിലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിന് സമാനമായ പ്രതിഷേധങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നും സിപിഎം ജില്ലാ കമ്മിറ്റി വ്യക്തമാക്കി.