ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനം പിൻവലിക്കണം; ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുമെന്ന് സിപിഎം ജില്ലാ കമ്മിറ്റി
Saturday, October 12, 2024 6:38 PM IST
പത്തനംതിട്ട: ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. സ്പോട്ട് ബുക്കിംഗ് അനുവദിച്ചില്ലെങ്കിൽ ബിജെപിയടക്കമുള്ളവർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുമെന്ന് ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ ജില്ലാ കമ്മിറ്റി അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയം വിശ്വാസികൾക്കിടയിൽ എതിർപ്പുണ്ടാക്കുന്ന തീരുമാനം പുനപരിശോധിക്കണമെന്നും ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.
ശബരമിലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിന് സമാനമായ പ്രതിഷേധങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നും സിപിഎം ജില്ലാ കമ്മിറ്റി വ്യക്തമാക്കി. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രമായി ഭക്തരെ കയറ്റിവിടാനാണ് തീരുമാനമെങ്കില്‍ വലിയ പ്രക്ഷോഭം കാണേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞിരുന്നു.
വെര്‍ച്വല്‍ ക്യൂ മാത്രമായി ശബരിമല തീർഥാടനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനല്ല ആര് വിചാരിച്ചാലും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വെര്‍ച്വല്‍ ക്യൂവും ഇല്ലാതെ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഭക്തരെ ബിജെപി സഹായിക്കുമെന്നും സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പരാജയപ്പെടുത്തിയവരാണ് ബിജെപി. ഒരു ഭക്തരേയും സര്‍ക്കാരിന് തടയാന്‍ കഴിയില്ല. വെര്‍ച്വല്‍ ക്യൂ ഇല്ലാതെ ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തരെ തങ്ങള്‍ ശബരിമലയില്‍ എത്തിക്കുമെന്നും സുരേന്ദ്രന് വ്യക്തമാക്കി.