ദേവസ്വം ബോർഡ് നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളി: കെ. സുരേന്ദ്രൻ.
Saturday, October 12, 2024 1:12 AM IST
തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന ദേവസ്വം ബോർഡ് നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇത് അംഗീകരിച്ചു തരാൻ ബിജെപി ഒരുക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. പോലീസ് സംവിധാനത്തിലെ പിഴവാണ് കഴിഞ്ഞ വർഷം ഭക്തർക്ക് പ്രതിസന്ധി സൃഷ്ടിച്ചത് എന്ന് സുരേന്ദ്രൻ പറഞ്ഞു.
ഇത് ശബരിമലയെ തകർക്കാൻ ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഭക്തർക്കും ഹൈന്ദവ സംഘടനകൾക്കുമൊപ്പം പാർട്ടി നിലകൊള്ളും. മാലയിട്ട് വരുന്ന ഒരു ഭക്തന് പോലും അയ്യപ്പനെ കാണാതെ തിരിച്ചു പോവേണ്ട സാഹചര്യമുണ്ടാകരുത് എന്നും അദ്ദേഹം വ്യക്തമാക്കി.