വയനാട് തുരങ്കപാതയുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെ; ഫിനാന്‍ഷ്യല്‍ ബിഡ് തുറന്നു
Friday, October 11, 2024 1:48 PM IST
തിരുവനന്തപുരം: വയനാട് തുരങ്കപാതയുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെ. ചൂരല്‍മല ഉരുള്‍പൊട്ടലിന് ശേഷവും ഇതിനായുള്ള ഫിനാന്‍ഷ്യല്‍ ബിഡ് തുറന്നു. ടണല്‍ പാതയുടെ പ്രവൃത്തി രണ്ട് പാക്കേജുകളിലായി ടെന്‍ഡര്‍ ചെയ്തെന്ന് മന്ത്രി ആര്.ബിന്ദുവാണ് നിയമസഭയില്‍ അറിയിച്ചത്.
സബ്മിഷനില്‍ വിഷയം ഉന്നയിച്ചപ്പോഴാണ് മന്ത്രിയുടെ മറുപടി. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ 90 ശതമാനവും വയനാട്, കോഴിക്കോട് ജില്ലകളിലായി ഏറ്റെടുത്ത് കഴിഞ്ഞെന്നും മന്ത്രി അറിയിച്ചു.
അതേസമയം പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി അറിയിച്ചു. തുരങ്കപാതയ്ക്കായി തുരക്കുന്ന മലകൾ നിരവധി ഉരുൾപൊട്ടലുകൾ നടന്ന മേഖലയാണ്. സമീപകാല സംഭവങ്ങളിൽനിന്നൊന്നും സർക്കാർ പാഠം പഠിക്കുന്നില്ലെന്നും ഇവർ വിമർശിച്ചു.
വയനാട് തുരങ്കപാത പദ്ധതിക്കായി 2043 കോടിയുടെ ഭരണാനുമതി നേരത്തെ നൽകിയിരുന്നു. പദ്ധതിക്കായുള്ള പാരിസ്ഥിതിക അനുമതി ലഭ്യമാക്കാനുള്ള അപേക്ഷ സംസ്ഥാനതല വിദഗ്ദ്ധ സമിതിയുടെ പരിഗണനയിലാണ്. എന്നാൽ ഇതിനിടെ ഉരുൾപൊട്ടൽ ദുരന്തമുണ്ടായതോടെ പദ്ധതിക്കെതിരേ വിമർശനമുയർന്നിരുന്നു.