കോഴിക്കോട് കോർപറേഷൻ ഭൂമി കൈവശപ്പെടുത്താൻ വഖഫ് ബോർഡ് നീക്കമെന്ന് എം.ടി. രമേശ്
Thursday, October 10, 2024 8:13 PM IST
കോഴിക്കോട്: കോർപറേഷന്റെ ഉടമസ്ഥതയിലുളള ഭൂമി കൈവശപ്പെടുത്താൻ വഖഫ് ബോർഡ് തെറ്റായ അവകാശവാദം ഉന്നയിക്കുകയാണെന്നും ഇതിന് ഭരണ-പ്രതിപക്ഷങ്ങൾ കൂട്ടുനിൽക്കുകയാണെന്നുമുള്ള ആരോപണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്.
തർക്കഭൂമിയാണെന്ന് പറയുന്ന കോർപറേഷന്റെ കിഴക്കേ നടക്കാവിലെ ക്വാർട്ടേഴ്സുകളും അങ്കണവാടിയും നിലനിന്ന സ്ഥലങ്ങൾ സന്ദർശിച്ച ശേഷമാണ് അദേഹം ആരോപണം ഉന്നയിച്ചത്. വഖഫ് ബോർഡിന്റെ അവകാശ വാദത്തിനെതിരേ കോർപറേഷൻ ഹൈക്കോടതിയെ സമീപിക്കണമെന്നും ഇല്ലാത്തപക്ഷം ബിജെപി നിയമ നടപടികളിലേക്ക് കടക്കുമെന്നും രമേശ് പറഞ്ഞു.
വഖഫ് ബില്ലിന്റെ പാർലമെന്റിലെ പരിശോധനാ കമ്മിറ്റിയംഗവും ബിജെപി കേരള സഹപ്രഭാരിയുമായ അപരാജിത സാരംഗി എംപിയെ സ്ഥലത്ത് കൊണ്ടുവന്ന് ഈ വിഷയം ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിഴക്കേ നടക്കാവിലെ 35 സെന്റ് ഭൂമിക്കാണ് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. നികുതി അടച്ചുവരുന്ന ഭൂമി സംരക്ഷിക്കേണ്ട കോർപറേഷൻ തന്നെ ഭൂമി വിട്ടു നൽകാൻ തയാറായതുപോലെയാണ് പെരുമാറുന്നത്. ഈ വിഷയത്തിൽ കോർപറേഷൻ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായാണ് മുന്നോട്ടു പോകുന്നതെന്നു രമേശ് ആരോപിച്ചു.