ലഹരി പാർട്ടി: ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി
Thursday, October 10, 2024 5:26 PM IST
കൊച്ചി: ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് കൊച്ചിയില്‍ നടത്തിയ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ടായിരുന്നു മരട് പോലീസ് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്തത്.
അഞ്ച് മണിക്കൂർ ചോദ്യം ചെയ്യൽ നീണ്ടുനിന്നു. ഇന്ന് രാവിലെ 11.45ഓടെയാണ് ശ്രീനാഥ് ഭാസി അഭിഭാഷകനൊപ്പം മരട് പോലീസ് സ്റ്റേഷനിൽ എത്തിയത്.
അതേസമയം ഇതേ കേസിൽ ചോദ്യം ചെയ്യുന്നതിനായി ചലച്ചിത്ര താരം പ്രയാഗ മാർട്ടിനെയും പോലീസ് വിളിപ്പിച്ചിരുന്നു. എന്നാൽ പ്രയാഗ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായില്ല. ഇന്നു രാവിലെ പത്തിന് മരട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ബുധനാഴ്ച ചോദ്യംചെയ്തിരുന്നു. ഫൈസല്‍, ജോഷി, എറണാകുളം സ്വദേശിയായ മറ്റൊരാള്‍ എന്നിവരെയാണു ചോദ്യംചെയ്തത്. ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റ് 14 പേരുടെ വിവരങ്ങള്‍കൂടി പോലീസിന് ലഭിച്ചു. ഇവര്‍ക്ക് ഇന്നു നോട്ടീസ് നല്‍കും.
അതേസമയം ബിനു ജോസഫിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഓംപ്രകാശും കൊല്ലം സ്വദേശിയായ കൂട്ടാളിയും നേരത്തേ അറസ്റ്റിലായിരുന്നു. ബിനുവാണ് ലഹരിപ്പാര്‍ട്ടിക്ക് ആവശ്യമായ കൊക്കെയ്ന്‍ എത്തിച്ചതെന്നാണു പോലീസിന്റെ നിഗമനം.