ഗവർണറെ സർക്കാർ ഇരുട്ടിൽ നിർത്തി; മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ
Thursday, October 10, 2024 12:39 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വിശ്വാസ്യതയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യദ്രോഹ കുറ്റകൃത്യം നടന്നെങ്കിൽ അത് അറിയിക്കണമായിരുന്നുവെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
ഗവർണറെ സർക്കാർ ഇരുട്ടിൽ നിർത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹിന്ദു ദിനപത്രത്തിൽ വന്ന മലപ്പുറം പരാമർശത്തിൽ രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടും മറുപടി വൈകി. മുഖ്യമന്ത്രി മറുപടി തന്നില്ലെങ്കിൽ ചീഫ് സെക്രട്ടറിയോടല്ലാതെ മറ്റാരോട് ചോദിക്കുമെന്നും ഗവർണർ ചോദിച്ചു. മുഖ്യമന്ത്രിയുടെ വീഴ്ച രാഷ്ട്രപതിയെ അറിയിക്കേണ്ടതാണെന്നും ഗവർണർ പറഞ്ഞു.
സ്വര്‍ണക്കടത്ത് പിടിക്കാത്തത് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ വീഴ്ചയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കസ്റ്റംസ് നടപടികളിൽ പോരായ്മ ഉണ്ടെങ്കിൽ എന്തുകൊണ്ട് അറിയിച്ചില്ലെന്നും ഗവർണർ ചോദിച്ചു.
മുഖ്യമന്ത്രിക്ക് എന്തു വിശ്വാസ്യതയാണുള്ളതെന്നു കഴിഞ്ഞ ദിവസം ചോദിച്ച ഗവര്‍ണര്‍ തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടന്‍ അറിയാമെന്നും പ്രതികരിച്ചിരുന്നു.
അതേസമയം മലപ്പുറം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഗവർണർക്ക് കത്ത് നൽകിയിരുന്നു. വിവരങ്ങള്‍ എല്ലാം അറിയിച്ചിട്ടുണ്ടെന്നും അറിയിക്കുന്നതില്‍ ബോധപൂര്‍വമായ വീഴ്ചയില്ലെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കിയിരുന്നു.
മലപ്പുറം പരാമര്‍ശ വിവാദത്തില്‍ ഗവര്‍ണറുടെ കത്തിലെ ആക്ഷേപങ്ങള്‍ അനാവശ്യമാണ്. അടിസ്ഥാനമില്ലാത്ത ആക്ഷേപത്തില്‍ പ്രതിഷേധമുണ്ട്. ഈ വിഷയത്തില്‍ ദേശവിരുദ്ധതയുണ്ടെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. വസ്തുതകളെ ഗവര്‍ണര്‍ തെറ്റായി വ്യാഖ്യാനിച്ചു.
സ്വര്‍ണക്കടത്ത് പിടിക്കാത്തത് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ വീഴ്ചയാണെന്നും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. മുഖ്യമന്ത്രിയെയും സംസ്ഥാനത്തെയും ഇരുട്ടില്‍ നിര്‍ത്താനാണ് ഗവര്‍ണര്‍ ശ്രമിച്ചതെന്നും വിഷയത്തില്‍ കൂടുതല്‍ സംവാദം ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ കത്തിലുണ്ട്.
തനിക്കെന്തോ മറച്ചു വയ്ക്കാനുണ്ട് എന്ന ഗവര്‍ണറുടെ പരാമര്‍ശം അനാവശ്യമാണ്. തനിക്ക് ഒളിക്കാന്‍ ഒന്നുമില്ല. വിവാദ അഭിമുഖം ദ ഹിന്ദു തിരുത്തിയിരുന്നു. ഖേദ പ്രകടനവും നടത്തി.
ഗവര്‍ണറുമായി ഇക്കാര്യത്തില്‍ തര്‍ക്കത്തിന് ഇല്ലെന്നും പത്രസമ്മേളനത്തില്‍ പറഞ്ഞത് സ്വര്‍ണം പിടിച്ച കേസുകള്‍ മാത്രമാണെന്നും മുഖ്യമന്ത്രിയുടെ കത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഗവർണർ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.