ഹണിട്രാപ്പ് ബ്ലാക്ക് മെയിലിംഗ്: മംഗളൂരു വ്യവസായിയുടെ മരണത്തിൽ മലയാളി ദമ്പതികൾ അറസ്റ്റിൽ
Wednesday, October 9, 2024 10:09 AM IST
മംഗളൂരു: ഹണിട്രാപ്പിൽപ്പെടുത്തി ബ്ലാക്ക് മെയിലിംഗിനു വിധേയനായ മംഗളൂരുവിലെ വ്യവസായി മുംതാസ് അലിയുടെ (52) മരണത്തിൽ മലയാളി ദമ്പതികൾ അറസ്റ്റിൽ. മലയാളികളായ റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരെ കാവൂർ പോലീസാണ് അറസ്റ്റ് ചെയ്തത്.
ദക്ഷിണ കന്നഡയിലെ ബണ്ട്വാളിൽ നിന്ന് അറസ്റ്റിലായത്. ഇവരുൾപ്പെടെ ആറ് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. മുംതാസ് അലിയുടെ സഹോദരൻ ഹൈദർ അലി നൽകിയ പരാതിയിലാണ് നടപടി.
ഹണിട്രാപ്പിനെ തുടർന്നാണ് മുംതാസ് അലിയുടെ ആത്മഹത്യയെന്ന് പരാതിയിലൽ പറയുന്നു. നഗ്നദൃശ്യങ്ങൾ കാണിച്ച് മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയിരുന്നതായും മുംതാസ് അലിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഘം വീണ്ടും പണം ആവശ്യപ്പെട്ടെന്നും സഹോദരൻ നൽകിയ പരാതിയിൽ പറയുന്നു.
ഷാഫി, മുസ്തഫ, അബ്ദുൽ സത്താർ, ഇയാളുടെ ഡ്രൈവർ സിറാജ് എന്നിവരാണ് പോലീസ് തെരയുന്ന മറ്റ് പ്രതികൾ.
കുളൂരിനു സമീപം ഫൽഗുനി നദിയിൽനിന്നാണ് മുംതാസിന്റെ മൃതദേഹം കണ്ടെത്തിയത്. താൻ കടുത്ത മാനസികപീഡനം അനുഭവിക്കുകയാണെന്നും എല്ലാം അവസാനിപ്പിക്കുകയാണെന്നും പറഞ്ഞുകൊണ്ട് അലി തന്റെ മകൾക്കും ഒരു സുഹൃത്തിനും വാട്സ്ആപ്പിൽ അയച്ച ശബ്ദസന്ദേശങ്ങളും പോലീസിനു ലഭിച്ചിരുന്നു. സംഘത്തിൽ ഉൾപ്പെട്ട ആളുകളുടെ പേരുകളും ഇതിൽ പറഞ്ഞിട്ടുണ്ടായിരുന്നു.