പീഡന പരാതി; മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം
Thursday, September 5, 2024 8:14 PM IST
കൊച്ചി: സിനമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയൽ നടൻമാരായ മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി.
ലൈംഗികമായി പീഡിപ്പിച്ചെന്ന ആലുവ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മുകേഷ് അടക്കമുള്ളവരെ അന്വേഷണ സംഘം ചോദ്യം ചെയ്യാനിരിക്കെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതികള്‍ കോടതിയെ സമീപിച്ചത്.
കഴിഞ്ഞ രണ്ടു ദിവസം അടച്ചിട്ട കോടതിയിൽ നടന്ന വിശദമായ വാദത്തിന് ഒടുവിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് ഹണി എം.വർഗീസ് ഇരുവർക്കും മുൻകൂർ ജാമ്യം നൽകിയത്.
കേരളം വിടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളോടെയാണ് മുകേഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സത്യം തെളിയിക്കാനുള്ള യാത്രയില്‍ ആദ്യപടി കടന്നെന്ന് മുകേഷിന്റെ അഭിഭാഷകന് പറഞ്ഞു.