ബലാത്സംഗക്കേസ്; മുകേഷിന് ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയിൽ
Monday, September 2, 2024 3:57 PM IST
തിരുവനന്തപുരം : ബലാത്സംഗക്കേസിൽ പ്രതിയായ സിപിഎം എംഎൽഎ മുകേഷിന് ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയിൽ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് എംഎൽഎയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്.
ബലാത്സംഗ ആരോപണമാണ് എംഎൽഎക്കെതിരെ ഉയർന്നിരിക്കുന്നതെന്നും മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചു. നടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന പരാതിയില്‍ മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുകേഷ് മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ , അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങൾക്കാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്.
ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയിട്ടുണ്ടെങ്കിലും നിലവില്‍ മുകേഷിനെ അറസ്റ്റ് ചെയ്യുന്നതിന് കോടതിയുടെ വിലക്കുണ്ട്. ചൊവ്വാഴ്ച വരെയാണ് അറസ്റ്റ് കോടതി തടഞ്ഞത്. ചൊവ്വാഴ്ച ഹർജിയിൽ വീണ്ടും വാദം തുടരും.