മുകേഷിന്റെ രാജി; സിപിഎം-സിപിഐ തര്‍ക്കമില്ലെന്ന് ബിനോയ് വിശ്വം
Friday, August 30, 2024 12:37 PM IST
തിരുവനന്തപുരം: മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണോ എന്ന കാര്യത്തിൽ സിപിഎം-സിപിഐ തര്‍ക്കമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത്തരത്തിലൊരു തര്ക്കമുണ്ടാക്കാമെന്ന വ്യാമോഹം ആര്‍ക്കും വേണ്ട. മാധ്യമങ്ങള്‍ എഴുതാപ്പുറം വായിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആനി രാജ എൻഎഫ്ഐഡബ്ല്യു നേതാവാണ്. പാർട്ടിയുടെ ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ്. എന്നാൽ കേരളത്തിലെ കാര്യം പറയേണ്ടത് സംസ്ഥാനത്തെ പാർട്ടിയും സെക്രട്ടറിയുമാണ്.
ഇവിടുത്തെ കാര്യം പറയാൻ പാർട്ടിക്ക് ഇവിടെ നേതൃത്വമുണ്ട്. ഇത് എല്ലാവർക്കും ബോധ്യമുള്ള അടിസ്ഥാനപാഠങ്ങളാണെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
ലൈംഗിക പീഡന പരാതിയില്‍ കേസെടുത്ത സാഹചര്യത്തില്‍ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന സിപിഐ നിലപാട് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാന പ്രകാരമാണ് ബിനോയ് വിശ്വം നിലപാട് അറിയിച്ചത്.