ബിജെപിയിലേക്ക് ഇല്ല; ചമ്പയ് സോറൻ പുതിയ പാർട്ടി രൂപീകരിക്കും
Wednesday, August 21, 2024 7:49 PM IST
ന്യൂഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച മുതിർന്ന നേതാവുമായ ചമ്പയ് സോറൻ പുതിയ പാർട്ടി രൂപീകരിക്കും. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതിൽ അതൃപ്തനായ അദ്ദേഹം പാർട്ടിയുമായി അകന്നിരുന്നു.
ഇതിനിടെ അദ്ദേഹം ബിജെപിയിൽ ചേരുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. ബിജെപി പ്രവേശനം സംബന്ധിച്ച വാർത്തകൾ ശക്തമാകുന്നതിനിടെ അദ്ദേഹം ഡൽഹിയിൽ എത്തിയിരുന്നു.
ചമ്പയ് സോറനെ ബിജെപിയിൽ എത്തിക്കാൻ കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ചരടുവലി നടത്തിയിരുന്നത് എന്നായിരുന്നു സൂചന. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹേമന്ദ് സോറൻ അറസ്റ്റിലായതോടെയാണ് ചമ്പയ് സോറൻ മുഖ്യമന്ത്രിയായത്.
എന്നാൽ ഹേമന്ദ് സോറന് ജാമ്യം ലഭിച്ചതോടെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരികെ എത്തി. ഈ നീക്കമാണ് ചമ്പയ് സോറനെ ചൊടിപ്പിച്ചത്.