അനുകൂലസാഹചര്യം വന്നാൽ തിരച്ചിൽ തുടരാം; ഹൈക്കോടതിയിൽ തത്സ്ഥിതി റിപ്പോർട്ട് നല്കി സർക്കാർ
Wednesday, August 21, 2024 3:14 PM IST
ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗാവലിപ്പുഴയിൽ വീണ് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ സംബന്ധിച്ച് കർണാടക ഹൈക്കോടതിയിൽ തത്സ്ഥിതി റിപ്പോർട്ട് സമർപ്പിച്ച് കർണാടക സർക്കാർ.
പുഴയിൽ ഒഴുക്ക് ശക്തമായതിനാൽ തിരച്ചിൽ ഓഗസ്റ്റ് 16 ന് നിർത്തിവെച്ചതായാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. അനുകൂലസാഹചര്യം വന്നാൽ തിരച്ചിൽ തുടരാൻ തയാറാണെ സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
നിലവിൽ തിരച്ചിലിനുള്ള തടസങ്ങൾ എന്തൊക്കെയെന്ന് കോടതി ആരാഞ്ഞു. അതേസമയം, എല്ലാ വിവരങ്ങളും സമഗ്രമായി സ്ഥിതിവിവര റിപ്പോർട്ടിൽ നൽകിയിട്ടുണ്ടെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. സർക്കാർ റിപ്പോർട്ടിൽ എതിർവാദമുണ്ടെങ്കിൽ സമർപ്പിക്കാൻ അർജുന്റെ കുടുംബത്തിന് കോടതി അനുമതി നൽകി.
ദുരന്തത്തിനിരയായവരുടെ പുനരധിവാസം സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. അര്ജുന് ഉള്‍പ്പടെയുള്ളവര്‍ക്കായി ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. സെപ്റ്റംബർ 18ന് കർണാടക ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കും.