കെടിഡിസി ചെയര്മാന് സ്ഥാനം രാജിവയ്ക്കില്ല: പി.കെ.ശശി
Tuesday, August 20, 2024 2:37 PM IST
തിരുവനന്തപുരം: കെടിഡിസി ചെയര്മാന് സ്ഥാനം രാജിവയ്ക്കില്ലെന്ന് പാർട്ടിയിൽനിന്ന് തരംതാഴ്ത്തൽ നടപടി നേരിട്ട സിപിഎം നേതാവ് പി.കെ.ശശി. പാര്‍ട്ടി നടപടികള്‍ക്ക് വിധേയനായതിന് പിന്നാലെ പി.കെ.ശശി കെടിഡിസി ചെയര്മാന് സ്ഥാനം രാജിവയ്ക്കുമെന്ന സൂചനകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണം.
പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങളോ സംഘടനാപരമായ ചര്‍ച്ചയോ മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ശശി പ്രതികരിച്ചു. പാര്‍ട്ടി നടപടി ഉണ്ടായോ എന്ന് വിശദീകരിക്കേണ്ട ബാധ്യത തനിക്കില്ല. അത് ഉത്തരവാദിത്വപ്പെട്ടവര്‍ പറയുമെന്നും ശശി കൂട്ടിച്ചേർത്തു.
പാർട്ടി ഫണ്ട് തിരിമറി കേസിലാണ് ശശിക്കെതിരെ സിപിഎം നടപടിയെടുത്തിരുന്നു. മണ്ണാർക്കാട് ഏരിയാ കമ്മിറ്റി പിരിച്ചു വിട്ടതിനു പിന്നാലെ ശശിയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കുകയായിരുന്നു.
ഇതോടെ പി.കെ.ശശിക്ക് പാർട്ടിയുടെ പ്രാഥമികാംഗത്വം മാത്രമായി. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടി. പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ആരോപണം അന്വേഷിച്ചത്.