കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു
Sunday, August 18, 2024 9:31 PM IST
ചെന്നൈ: ഹൃദയാഘാതത്തെ തുടർന്ന് കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഐഎൻഎസ് അഡയാറിൽ സുപ്രധാന യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്.
ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ രാകേഷ് പാൽ 1989 ജനുവരിയിലാണ് കോസ്റ്റ് ഗാർഡിൽ ചേർന്നത്. 2023 ജൂലൈയിൽ തീര സംരക്ഷണ സേനയുടെ മേധാവിയായി.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം ഡൽഹിക്കു കൊണ്ടുപോകും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തുടങ്ങിയവർ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.