മുന്നിൽ മൂന്നു വഴികൾ; പാർട്ടിവിടുമെന്ന സൂചന നൽകി ചംപയ് സോറന്
Sunday, August 18, 2024 7:45 PM IST
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന ജെഎംഎം നേതാവുമായ ചംപയ് സോറന് പാർട്ടിവിടുമെന്ന് വ്യക്തമായ സൂചന നൽകി. തന്റെ മുന്നില്‍ മൂന്ന് വഴികളാണ് ഉള്ളതെന്ന് അദ്ദേഹം എക്സില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ആദ്യത്തേത് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുക. രണ്ടാമത്തേത് സ്വന്തം സംഘടന രൂപീകരിക്കുക. മൂന്നാമത്തേത് ഒരു കൂട്ടാളിയെ കണ്ടെത്തി തുടർന്നുള്ള യാത്ര അവർക്കൊപ്പം നടത്തുക. എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് തനിക്ക് മുന്നിലുള്ളതെന്ന് ചംപയ് സോറൻ പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഈ ഓപ്ഷനുകൾ തുറന്നിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. അപമാനങ്ങള്‍ക്കും തിരസ്കാരങ്ങള്‍ക്കും ഒടുവിലാണ് താന്‍ മറ്റൊരു പാത തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടത്. ഇന്ന് മുതല്‍ ജീവിതത്തിൽ പുതിയ അധ്യായം തുടങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി ചംപയ് സോറൻ ബന്ധപ്പെട്ടതായാണ് വിവരം. ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട വാർത്തകൾ നേരത്തെ അദ്ദേഹം തള്ളിയിരുന്നു. ചില എംഎൽഎമാരുമായി ആശയവിനിമയം നടത്താൻ കഴിയുന്നില്ലെന്ന് പാർട്ടി വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഹേമന്ത് സോറൻ ജാമ്യം ലഭിച്ച് തിരിച്ചെത്തിയതോടെ ചംപയ് സോറന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ഇതിൽ അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നും ഇതാണ് കൂറുമാറ്റത്തിന് പിന്നിലെന്നുമാണ് സൂചന.