ജാർഖണ്ഡിൽ നാടകീയ നീക്കങ്ങൾ; ആറ് എംഎൽഎമാരുമായി ചംപയ് സോറൻ ഡൽഹിയിൽ
Sunday, August 18, 2024 1:47 PM IST
ന്യൂഡൽഹി: ജാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് വീണ്ടും നാടകീയ നീക്കങ്ങൾ. ആറ് ജെഎംഎം എംഎൽഎമാരുമായി മുൻ മുഖ്യമന്ത്രിയും നിയമസഭാകക്ഷി നേതാവുമായിരുന്ന ചംപയ് സോറൻ ഡൽഹിയിലെത്തി. ബിജെപിയിൽ ചേരുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് യാത്ര. ഡൽഹിയിൽ മുതിർന്ന ബിജെപി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം കോൽക്കത്തയിൽ വച്ച് ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി ചംപയ് സോറൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ രാഷ്ട്രീയനീക്കം. ഡൽഹിയിൽ കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി ചംപായ് സോറൻ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ചൗഹാനുമായി ഏറെ നാളായി ചംപയ് സോറൻ ചർച്ച നടത്തിയിരുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതേസമയം ബിജെപി പ്രവേശനം സംബന്ധിച്ച് വാർത്തകൾ താൻ കണ്ടിട്ടില്ലെന്നായിരുന്നു ചംപയ് സോറൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി ഹേമന്ത് സോറൻ ജാമ്യം ലഭിച്ച് തിരിച്ചെത്തിയതോടെ ചംപയ് സോറന് മുഖ്യമന്ത്രി സ്ഥാനം തിരികെ നൽകേണ്ടി വന്നിരുന്നു. ഇതിൽ അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നും ഇതാണ് കൂറുമാറ്റത്തിന് പിന്നിലെന്നുമാണ് സൂചന.