ന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റീസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതിയുടെ മനഃശാസ്ത്ര ജയിൽ സ്വഭാവ റിപ്പോർട്ട് എട്ട് ആഴ്ചയ്ക്കകം ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. മനശാസ്ത്ര പരിശോധനയ്ക്ക് തൃശൂർ മെഡിക്കൽ കോളജ് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രതിയുടെ ജയിലിലെ പെരുമാറ്റത്തെ കുറിച്ച് വിയ്യൂർ ജയിൽ അധികൃതർ റിപ്പോർട്ട് സമർപ്പിക്കണം.
പ്രതിയെ ജയിലിൽ എത്തി കണ്ട് സംസാരിക്കാൻ നൂരിയ അൻസാരിയെ കോടതി ചുമതലപ്പെടുത്തി. വധശിക്ഷയ്ക്ക് എതിരെ പ്രവർത്തിക്കുന്ന സംഘടനയാണ് ഇയാൾക്കായി സുപ്രീംകോടതിയെ സമീപിച്ചത്.
കേസിൽ അന്തിമ ഉത്തരവ് വരുന്നതുവരെ സ്റ്റേയ്ക്ക് പ്രാബല്യമുണ്ടാവുമെന്ന് കോടതി വ്യക്തമാക്കി. സ്റ്റേ സംബന്ധിച്ച ഉത്തരവ് സംസ്ഥാന സർക്കാർ അഭിഭാഷകൻ ജയിൽ സൂപ്രണ്ടിന് കൈമാറാനും സുപ്രീം കോടതി നിർദേശിച്ചു.
സംസ്ഥാന സർക്കാരിന്റെ മറുപടിയും കേസുമായി ബന്ധപ്പെട്ട മറ്റുരേഖകളും ലഭിച്ചതിനു ശേഷമായിരിക്കും സുപ്രീംകോടതി തുടർവാദം കേൾക്കുക. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറാൻ ഹൈക്കോടതിയോടും വിചാരണ കോടതിയോടും സുപ്രീംകോടതി നിർദേശിച്ചു.
2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ടത്. കുറ്റകൃത്യം അപൂർവങ്ങളിൽ അത്യപൂർവമാണെന്ന് വിലയിരുത്തിയാണ് വധശിക്ഷ ഹൈക്കോടതി ശരിവച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.