‘കൃഷ്ണാ, ഗുരുവായൂരപ്പാ, ഭഗവാനേ...’ നാമംജപിച്ച് കയറി സുരേഷ് ഗോപി; മലയാളത്തിൽ സത്യപ്രതിജ്ഞ
Monday, June 24, 2024 1:12 PM IST
ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭാ സമ്മേളനത്തിന്റെ ആദ്യദിനം പാര്‍ലമെന്റില്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി എംപി. ‘കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ’ എന്നു ജപിച്ചുകൊണ്ടാണ് അദ്ദേഹം പീഠത്തിന് അരികിലേക്ക് എത്തിയത്. തുടർന്ന് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
തുടർന്ന് ഇരുപക്ഷത്തെയും എംപിമാരെയും നോക്കി തൊഴുത ശേഷമാണ് അദ്ദേഹം സീറ്റിലേക്ക് മടങ്ങിയത്. കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്സഭാംഗമായ സുരേഷ് ഗോപി മൂന്നാം മോദി സര്‍ക്കാരില്‍ രണ്ട് വകുപ്പുകളുടെ സഹമന്ത്രിയാണ്.
ലോക്സഭയിൽ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം സത്യപ്രതിജ്ഞ ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി എല്ലാ എംപിമാരെയും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തിരുന്നു.
അതേസമയം, കേരളത്തിൽ നിന്നുള്ള മറ്റ് എംപിമാരുടെ സത്യപ്രതിജ്ഞ വൈകുന്നേരം നാലു മണിയോടെയാകും നടക്കുക.