വകുപ്പ് കുറഞ്ഞത് പരിചയക്കുറവ് മൂലം, ലഭിച്ചത് ഉത്തരവാദിത്വമുള്ള ചുമതല: ഒ.ആര്.കേളു
Thursday, June 20, 2024 1:27 PM IST
തിരുവനന്തപുരം: ഉത്തരവാദിത്വമുള്ള ചുമതലയാണ് ലഭിച്ചിരിക്കുന്നതെന്നും പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുമെന്നും നിയുക്ത പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്.കേളു.
പട്ടിക-ജാതി പട്ടിക-വര്‍ഗത്തിലെ കുട്ടികളുടെ ക്ഷേമപദ്ധതിക്ക് മുന്‍ഗണന നല്‍കും. ആദിവാസി വിഭാഗത്തിന്റെ വികസനത്തിന് പ്രാധാന്യം കൊടുക്കും. അടിസ്ഥാന സൗകര്യവികസനത്തിനും പ്രാമുഖ്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വന്യമൃഗശല്യം പരിഹരിക്കാന്‍ കള്ളിംഗ് പോലുള്ള നടപടികള്‍ വേണമെന്നാണ് തന്റെ നിലപാട്. കോളനികൾക്ക് അതത് പ്രദേശത്തുള്ളവരുടെ അഭിപ്രായം കൂടി പരിഗണിച്ച് പുതിയ പേരുകൾ നൽകും. മന്ത്രി സ്ഥാനം കിട്ടിയതില്‍ സന്തോഷമുണ്ടെന്നും വകുപ്പുകള്‍ കുറഞ്ഞത് പരിചയക്കുറവ് മൂലമാണെന്നും അദ്ദേഹം പ്രതികരിച്ചു.
കെ.രാധാകൃഷ്ണന് എംപിയായതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഈ ഒഴിവിലാണ് കേളു മന്ത്രിസഭയിലെത്തുക. സിപിഎം സംസ്ഥാന സമിതി യോഗത്തിന്റേതാണ് തീരുമാനം.
നേരത്തേ കെ.രാധാകൃഷ്ണന് മന്ത്രിയായിരുന്നപ്പോള്‍ കൈകാര്യം ചെയ്തിരുന്ന പാര്‍ലമെന്ററികാര്യ വകുപ്പ് എം.ബി.രാജേഷിന് കൊടുക്കും. ദേവസ്വം വകുപ്പ് വി.എന്‍.വാസവന് നല്‍കുമെന്നാണ് വിവരം.