ഒ.ആര്.കേളു പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയാകും; ദേവസ്വത്തിന്റെ ചുമതല വാസവന്
Thursday, June 20, 2024 12:39 PM IST
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗവും മാനന്തവാടി എംഎല്‍എയുമായ ഒ.ആര്.കേളു മന്ത്രിയാകും. പട്ടികജാതി ക്ഷേമ വകുപ്പാണ് കേളുവിന് ലഭിക്കുക.
കെ.രാധാകൃഷ്ണന് എംപിയായതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഈ ഒഴിവിലാണ് കേളു മന്ത്രിസഭയിലെത്തുക. സിപിഎം സംസ്ഥാന സമിതി യോഗത്തിന്റേതാണ് തീരുമാനം. സിപിഎം സംസ്ഥാന സമിതി അംഗം, മുതിര്‍ന്ന നേതാവ് എന്നീ കാര്യങ്ങള്‍ പരിഗണിച്ചാണ് കേളുവിനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്.
നേരത്തേ കെ.രാധാകൃഷ്ണന് മന്ത്രിയായിരുന്നപ്പോള്‍ കൈകാര്യം ചെയ്തിരുന്ന പാര്‍ലമെന്ററികാര്യ വകുപ്പ് എം.ബി.രാജേഷിന് കൊടുക്കും. ദേവസ്വം വകുപ്പ് വി.എന്‍.വാസവന് നല്‍കുമെന്നാണ് വിവരം.
2016 ലാണ് ഒ.ആര്.കേളു ആദ്യം നിയമസഭയിലെത്തിയത്. തുടര്‍ച്ചയായ 10 വര്‍ഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റായിരുന്നു കേളു. സിപിഎം സംസ്ഥാന സമിതിയിലെത്തുന്ന ആദ്യ പട്ടികവര്ഗക്കാരൻ കേളുവാണ്. വയനാട് ജില്ലയിൽനിന്നുള്ള സിപിഎമ്മിന്റെ ആദ്യ മന്ത്രികൂടിയാകും ഇനി അദ്ദേഹം.