നിമിഷപ്രിയയുടെ മോചനം: ഇന്ത്യൻ എംബസി വഴി പണം കൈമാറാൻ കേന്ദ്രത്തിന്റെ അനുമതി
Thursday, June 20, 2024 5:12 AM IST
ന്യൂഡൽഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകൾക്കായി പണം കൈമാറാൻ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. പ്രാരംഭ ചര്‍ച്ചകൾ നടത്താനുള്ള പണം ഇന്ത്യന്‍ എംബസി വഴി കൈമാറാൻ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയാണ് കേന്ദ്രത്തെ സമീപിച്ചത്.
പ്രാരംഭ ചര്‍ച്ചകൾ തുടങ്ങണമെങ്കിൽ നാല്‍പ്പതിനായിരം യുഎസ് ഡോളര്‍ ആദ്യം കൈമാറണമെന്നും അത് എംബസി വഴി ലഭിക്കാൻ അനുമതി നല്‍കണമെന്നുമായിരുന്നു പ്രേമകുമാരി ആവശ്യപ്പെട്ടത്. എംബസിയുടെ അക്കൗണ്ടില്‍ പണമെത്തിയാൽ, സനയില്‍ പ്രേമകുമാരി നിര്‍ദേശിക്കുന്നവര്‍ക്ക് കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും കേന്ദ്രം അനുമതി നൽകി.
യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്കിയാല് പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും. യെമന്‍ പൗരന് തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.