സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോഹൻലാലിനെ നേരിട്ട് ക്ഷണിച്ച് മോദി; അസൗകര്യമറിയിച്ച് താരം
Sunday, June 9, 2024 11:06 AM IST
തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നടൻ മോഹൻലാലിന് ക്ഷണം. നരേന്ദ്ര മോദി നേരിട്ട് വിളിച്ചാണ് താരത്തെ ക്ഷണിച്ചത്. എന്നാൽ വ്യക്തിപരമായ അസൗകര്യം കാരണം എത്താനാകില്ലെന്ന് മോഹൻലാൽ അറിയിച്ചു.
ഇന്നു രാത്രി 7.15ന് രാഷ്ട്രപതി ഭവൻ അങ്കണത്തിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം സ്വീകരിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന, സീഷെൽസ് ഉപരാഷ്ട്രപതി അഹമ്മദ് അഫീഫ് എന്നിവർ ഡൽഹിയിലെത്തി.
ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമെസിംഗെ, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നാഥ്, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിഗ് തോബ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹാൽ (പ്രചണ്ഡ) എന്നിവർ ഇന്നെത്തും. കൂടാതെ സിനിമാ താരങ്ങളടക്കം ചടങ്ങിൽ പങ്കെടുക്കും.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ലോകനേതാക്കൾ ഉൾപ്പെടെ 8,000ത്തോളം പേർക്ക് ക്ഷണമുണ്ട്. വിവിധ തൊഴിൽമേഖലകളിൽ കഴിവ് തെളിയിച്ചവർ, ഭിന്നലിംഗക്കാർ, ശുചീകരണത്തൊഴിലാളികൾ, സെൻട്രൽ വിസ്താ പദ്ധതിയിലെ തൊഴിലാളികൾ എന്നിവർക്കും ക്ഷണമുണ്ട്.