സിന്തറ്റിക്ക് മയക്കുമരുന്ന് സമൂഹത്തിന് വെല്ലുവിളി: മന്ത്രി എം.ബി. രാജേഷ്
Sunday, June 9, 2024 2:29 AM IST
തൃശൂർ: സിന്തറ്റിക് മയക്കുമരുന്നിന്റെ സാന്നിധ്യം വലിയ വെല്ലുവിളിയുയർത്തുന്നുവെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിക്കുന്ന മയക്കുമരുന്നു തടയുന്നതിൽ പരിമിതിയുണ്ട്. കേസിന്റെ തുന്പ് അന്വേഷിച്ച് ആൻഡമാനിൽവരെ പോയ ചരിത്രം എക്സൈസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരിമിതികൾക്കുള്ളിൽനിന്ന് മയക്കുമരുന്നു ശൃംഖല തകർക്കാർ കഴിയണമെന്നും ജനങ്ങളുടെ പിന്തുണയോടെ ഇതു സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
എക്സൈസ് വകുപ്പിൽ വിവിധ ജില്ലകളിൽ നിയമനം ലഭിച്ച 135 സിവിൽ എക്സൈസ് ഓഫീസർമാരുടെയും ഒന്പത് വനിതാ സിവിൽ എക്സൈസ് ഓഫീസർമാരുടെയും പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകായിരുന്നു അദ്ദേഹം. ഉന്നതവിദ്യാഭ്യാസം നേടുന്നവർ എക്സൈസിന്റെ ഭാഗമാകുന്നത് സേനയുടെ പ്രവർത്തനങ്ങൾക്ക് ഊർജവും പുതിയ മനോഭാവവും നൽകുമെന്നും മന്ത്രി പറഞ്ഞു.
പരിശീലനം പൂർത്തിയാക്കി സേനയിൽ ചേരുന്ന 144 പേർ എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങളെ മികവുറ്റതാക്കാൻ സഹായിക്കും. ഇതിൽ 18 പേർ മാസ്റ്റർ ബിരുദക്കാരും 35 പേർ ബിരുദധാരികളുമാണ്. വനിതകളെയടക്കം കൂടുതലായി ഉൾക്കൊള്ളിക്കുന്നിലൂടെ സേനയെ കൂടുതൽ ജനോന്മുഖമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.