കോട്ടയത്തെ വിജയം; ജോസഫ് വിഭാഗത്തിന് വീണ്ടും സംസ്ഥാന പാർട്ടി പദവി ലഭിക്കും
Wednesday, June 5, 2024 8:29 PM IST
ഇടുക്കി: കോട്ടയം ലോക്സഭാ മണ്ഡലത്തിലെ വിജയത്തോടെ കേരള കോൺഗ്രസ് - ജോസഫ് വിഭാഗത്തിന് സംസ്ഥാന പാർട്ടി പദവി തിരികെ ലഭിക്കും. പാർട്ടിക്ക് സ്വന്തമായി തെരഞ്ഞെടുപ്പ് ചിഹ്നവും ലഭിക്കുന്നത് ജേസഫ് വിഭാഗത്തിന് ആശ്വാസമാകും.
ഇത്തവണ ജോസഫ് വിഭാഗത്തിലെ കെ.ഫ്രാൻസിസ് ജോർജ് കോട്ടയത്ത് മത്സരിച്ചത് ഓട്ടോറിക്ഷ ചിഹ്നത്തിലാണ്. സംസ്ഥാന പാർട്ടി എന്ന പദവി ഇല്ലാതിരുന്നതോടെ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് സൂക്ഷമ പരിശോധനയും പൂർത്തിയാക്കിയ ശേഷമാണ് ചിഹ്നം ലഭിച്ചത്.
ആദ്യഘട്ട പ്രചരണങ്ങളിൽ സ്ഥാനാർഥിയുടെ പേരും ചിത്രവും മാത്രമാണ് ഉൾപ്പെടുത്താൻ കഴിഞ്ഞിരുന്നത്. പിന്നീട് ചിഹ്നം ലഭിച്ച ശേഷമാണ് പുതിയ ഫ്ലക്സുകളും പോസ്റ്ററുകളും മണ്ഡലത്തിൽ നിറഞ്ഞത്.
2010-ൽ മാണി ഗ്രൂപ്പിൽ ലയിക്കുന്നതിന് മുൻപ് ജോസഫ് വിഭാഗം സംസ്ഥാന പാർട്ടിയായിരുന്നു. അന്ന് സൈക്കിളായിരുന്നു തെരഞ്ഞെടുപ്പ് ചിഹ്നം. 2019- ൽ മാണി ഗ്രൂപ്പുമായി വഴിപിരിയുമ്പോൾ സംസ്ഥാന പാർട്ടി പദവിയും സ്വന്തം ചിഹ്നവും നഷ്ടമായി.
പിളർപ്പിനു ശേഷം നടന്ന 2021 നിയമസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനം മൂലം സംസ്ഥാന പാർട്ടി പദവി ലഭിച്ചില്ല. അന്ന് ജോസഫ് വിഭാഗം ജയിച്ചത് രണ്ട് സീറ്റിൽ മാത്രം. നാല് പേർ ജയിച്ചിരുന്നെങ്കിൽ സംസ്ഥാന പാർട്ടി പദവി ലഭിക്കുമായിരുന്നു.