പേവിഷബാധയേറ്റ് എട്ട് വയസുകാരന്റെ മരണം; വാക്സീന് നല്‍കിയില്ലെന്ന ആരോപണവുമായി ബന്ധുക്കള്‍
Friday, May 31, 2024 3:31 PM IST
ആലപ്പുഴ:പേവിഷബാധയേറ്റ് എട്ട് വയസുകാരന് മരിച്ച സംഭവത്തില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരേ ആരോപണവുമായി ബന്ധുക്കള്‍. പള്ളിപ്പാട് സ്വദേശി ദേവനാരായണനാണ് പേ വിഷബാധയേറ്റ് വ്യാഴാഴ്ച മരിച്ചത്.
രണ്ട് തവണ ഡോക്ടര്‍മാരെ കണ്ടിട്ടും പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് നല്‍കിയില്ലെന്നാണ് ആരോപണം. ഒരുമാസം മുമ്പാണ് ദേവനാരായണനെ തെരുവുനായ ആക്രമിച്ചത്. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ വീടിന് മുന്നിലൂടെ പോയ അമ്മയെയും കുഞ്ഞിനെയും തെരുവുനായ കടിക്കാന്‍ ഓടിയെത്തിയതു കണ്ട ദേവനാരായണന് കൈയിലിരുന്ന പന്ത് നായയുടെ നേര്‍ക്ക് എറിഞ്ഞു. ഇതോടെ നായ ദേവനാരായണന് നേര്‍ക്ക് തിരിയുകയായിരുന്നു
നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിയെ ഉടന്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൗസ് സര്ജന്മാരാണ് ചികിത്സ നല്‍കിയത്. വീണ് പരിക്കേറ്റതിന് കൊടുക്കുന്ന ചികിത്സ മാത്രമാണ് കൊടുത്തത്.
പേവിഷബാധയ്ക്കെതിരെ കുത്തിവെയ്പ് എടുത്തില്ല. മൂന്ന് ദിവസം മുമ്പ് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു തുടങ്ങിയപ്പോള്‍ കുട്ടിയെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല.
അതേസമയം വീട്ടുകാരുടെ ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതരും രംഗത്തെത്തി. നടന്നുപോയപ്പോള്‍ കുട്ടി വീണ് പരിക്കേറ്റെന്നാണ് പറഞ്ഞതെന്നും പട്ടി കടിച്ച കാര്യം അറിയിച്ചില്ലെന്നും അധികൃതര്‍ അറിയിച്ചു.